ഉള്ള വീടും തകർന്നു; ചിത്രയുടെ സ്വപ്നങ്ങൾക്ക് ഇപ്പോൾ നിറമില്ല
text_fieldsമരം വീണ് തകർന്ന ചിത്രയുടെ വീട്
വെള്ളിമാട്കുന്ന്: കാലവർഷക്കെടുതിയിൽ മരം വീണ് വീടു തകർന്നതോടെ ചിത്രക്ക് ഇനി മഴയും വെയിലും കൊള്ളാൻ വിധി. ശനിയാഴ്ച പുലർച്ചെ രണ്ട് തെങ്ങുകൾ കടപുഴകി വീടിനു മുകളിൽ പതിച്ചതോടെ ഒരായുസ്സിെൻറ മുഴുവൻ അധ്വാനം കൊണ്ട് സമ്പാദിച്ച വീടാണ് കണ്ണാടിക്കൽ കുന്നുമ്മൽ ചിത്രക്ക് നഷ്ടമായത്.
അച്ഛനും അമ്മയും മരിച്ച അവിവാഹിതയായ 45കാരി ചിത്രയുടെ വലിയ ആഗ്രഹമായിരുന്നു വീടെന്ന സ്വപ്നം.
അംഗൻവാടി ജോലിക്കാരിയായ ചിത്ര സമ്പാദിച്ചതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് ഓടിട്ട വീട് വെച്ചത്.
വീടിെൻറ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കാൻ ബാധ്യതകൾ കാരണം കഴിഞ്ഞില്ല. പാതി പൂർത്തിയായ വീട്ടിൽ താമസം തുടരുകയായിരുന്നു. ഇതിനിടയിലാണ് വീട് തകരുന്നത്. കൂറ്റൻ മരം മുറിഞ്ഞ് രണ്ട് തെങ്ങുകളിൽ പതിച്ചതോടെ തെങ്ങുകൾ വീടിനു മുകളിൽ വീഴുകയായിരുന്നു.
വീട്ടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ചിത്ര ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. വീട് പൂർണമായും നിലം പൊത്തി. വീടിനൊപ്പം പ്രതീക്ഷകളും തകർന്നതോടെ ചിത്ര ആശങ്കയിലായിരിക്കുകയാണ്. വെള്ളിമാട്കുന്ന് ഫയർ യൂനിറ്റും നാട്ടുകാരും ചേർന്ന് വീട്ടിനു മുകളിൽ നിന്ന് മരങ്ങൾ മുറിച്ചു നീക്കി.

