മൊബൈൽ വെളിച്ചത്തിൽ വോട്ടർ പട്ടിക പരിശോധന
text_fieldsനാദാപുരം വില്ലേജ് ഓഫിസിൽ മൊബൈൽ വെളിച്ചത്തിൽ ബി.എൽ.ഒമാർ വോട്ടർ പട്ടിക പരിശോധന നടത്തുന്നു
നാദാപുരം: മൊബൈൽ വെളിച്ചത്തിൽ വോട്ടർ പട്ടിക പരിശോധന നടത്തി ബി.എൽ.ഒമാർ. സ്പെഷൽ ഇന്റൻസിവ് റിവിഷന് മുന്നോടിയായി ഈ മാസം 19, 20 തീയതികളിൽ 2002 ലെയും 2025ലെയും വോട്ടർ പട്ടികയുടെ മാപ്പിങ് നടപടികൾ നടത്തിയിരുന്നു. എന്നാൽ, 2002നുശേഷം നിരവധി ബൂത്തുകൾ പുതുതായി വന്നതിനാൽ വോട്ടർമാരെ കൃത്യമായി കണ്ടെത്താൻ ബി.എൽ.ഒമാർക്ക് കഴിഞ്ഞിരുന്നില്ല.
ഇതിന് പരിഹാരമായി പഞ്ചായത്തടിസ്ഥാനത്തിൽ മുഴുവൻ ബി.എൽ.ഒ മാർ ഒന്നിച്ചിരുന്ന് 2002 ലെ വോട്ടർ പട്ടിക പരിശോധിക്കാൻ സംസ്ഥാന ഇലക്ഷൻ കമീഷൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി നാദാപുരം വില്ലേജ് ഓഫിസിൽ എത്തിയവർക്കാണ് ഇരുട്ടിലിരുന്ന് പരിശോധനയിൽ പങ്കെടുക്കേണ്ടി വന്നത്. വാടകക്കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇന്നലെ രാവിലെ മുതൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ബി.എൽ.ഒമാർ പരാതിപ്പെട്ടു. പകരം സൗകര്യം ഒരുക്കാൻ വില്ലേധികൃതർ തയാറാകാത്തതിനെ തുടർന്ന് മൊബൈൽ വെളിച്ചം ആശ്രയിച്ച് ജോലി പൂർത്തിയാക്കുകയായിരുന്നു.

