കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
text_fieldsവെബ്ലി സലീം
കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കല്ലായ് സ്വദേശി ആനമാട് ചെന്നലേരി പറമ്പ് സി.പി. സലീമിനെയാണ് (വെബ്ലി സലീം-46) കാപ്പ നിയമലംഘനം നടത്തിയതിന് സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്.ഐ പി.ടി. സെയ്ഫുല്ലയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയത്.
കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽനിന്നും നാടുകടത്തി ഉത്തരവ് ഇറങ്ങിയ സലീം, ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ അനൂജ് പലിവാളിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മെഡിക്കൽ കോളജ് ഭാഗത്തുള്ള ഹോംസ്റ്റേയിൽനിന്നാണ് പിടിയിലായത്. ഇയാൾ ജില്ലയിലെ പല ഭാഗങ്ങളിലുള്ള ലോഡ്ജുകളിൽ താമസിച്ച് ലഹരിമരുന്ന് കേസുകളിൽപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടതായി അറിവായിട്ടുണ്ട്. ലഹരിമരുന്ന് വിൽപന, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണിയാൾ. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാൻ, അനീഷ് മൂസേൻവീട്, അർജുൻ അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

