നിർത്തിയിട്ട കാറിൽനിന്ന് സാധനങ്ങൾ മോഷണം നടത്തുന്നയാൾ പിടിയിൽ
text_fieldsജിൽഷാദ്
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിർത്തിയിട്ട കാറിന്റെ ഡോർ തുറന്ന് കാറിനകത്തുണ്ടായിരുന്ന 20,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷണം നടത്തിയ മലപ്പുറം കൊണ്ടോട്ടിയിൽ മുതുവട്ടൂർ പാറക്കുളങ്ങര വീട്ടിൽ ജിൽഷാദ് (29) അറസ്റ്റിലായി. മേയ് 23ന് രാത്രി 11.30ന് പേരാമ്പ്രയിലുള്ള സനൂപ് എന്നയാളുടെ നിർത്തിയിട്ട കാറിൽനിന്ന് മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന് നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിക്കുന്നതിനും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പ്രതി പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നുമാണ് ഇയാളെ തിരിച്ചറിയാൻ സാധിച്ചത്.
പൊലീസിനെ കബളിപ്പിച്ച് എറണാകുളം, കോയമ്പത്തൂർ ഭാഗങ്ങളിൽ കറങ്ങിനടന്ന പ്രതി കോഴിക്കോടെത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സി.ഐ ജിജീഷ്, സബ് ഇൻസ്പെക്ടർമാരായ ബിനുമോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ രജിത, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ബബിത്ത് കുറിമണ്ണിൽ, കോഴിക്കോട് സ്ക്വാഡിലെ പൊലീസുകാരായ സുമേഷ് ആറോളി, രാഗേഷ് ചൈതന്യം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

