ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു
text_fieldsശക്തമായ മഴയിൽ മലയിടിഞ്ഞതിനെ തുടർന്ന് ചുരം പാതയിൽ കല്ലും മണ്ണും പതിച്ച നിലയിൽ
പുതുപ്പാടി: ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയപാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വാഹന ഗതാഗതത്തിന് തടസ്സമാകാത്ത തരത്തിലാണ് റോഡിൽ മണ്ണും കല്ലും ഇടിഞ്ഞുവീണത്.
രാത്രിതന്നെ മണ്ണും കല്ലും റോഡിൽ നീക്കും ചെയ്തു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെ സ്ഥലത്തെത്തി. തകരപ്പാടിക്ക് സമീപം ടിപ്പർ ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ച് ചുരത്തിൽ ഗതാഗതക്കുരുക്കും നേരിട്ടു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ചുരം ഇറങ്ങുകയായിരുന്ന പിക്അപ് വാനും ചുരം കയറുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപെട്ടത്. ആർക്കും കാര്യമായ പരിക്കില്ല.

