കോന്നി മെഡിക്കൽ കോളജിൽ സ്ഥിരം സന്ദർശകനായി കാട്ടുപോത്ത്
text_fieldsകോന്നി: മരുന്ന് വാങ്ങാനോ ഡോക്ടറെ കാണാനോ അല്ലാതെ ഒരു ‘രോഗി’ കോന്നി മെഡിക്കൽ കോളജ് പരിസരത്ത് കറങ്ങുന്നു. ഒന്നാന്തരം കാട്ടുപോത്താണ് പതിവായി ആശുപത്രി പരിസരത്ത് എത്തി മടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസവും മെഡിക്കൽ കോളജിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിന് സമീപം കാട്ടുപോത്ത് എത്തിയിരുന്നു. കുമ്മണ്ണൂർ വന മേഖലയിൽ നിന്ന് എത്തുന്നതാണെന്ന് കരുതുന്നു.
മുമ്പും മെഡിക്കൽ കോളജിന്റെ മുറ്റത്ത് കാട്ടുപോത്ത് എത്തിയിരുന്നു. കാട് കയറി കിടക്കുന്ന ഭൂമി ഉള്ളതിനാൽ കാട്ടുപോത്തുകളും മറ്റ് ജീവികളും മെഡിക്കൽ കോളജ് പരിസരത്ത് എത്തുന്നത് പതിവായിട്ടുണ്ട്. നേരത്തേ മെഡിക്കൽ കോളജിന് ഉള്ളിൽ കയറി കാട്ടുപന്നി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

