വാര്‍ഡ് അംഗത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സ്വർണോപഹാരം
text_fieldsഉദയനാപുരം പഞ്ചായത്ത് 14ാം വാര്‍ഡ് അംഗം പി.ഡി. ജോര്‍ജിന് സ്വർണമോതിരം സമ്മാനിക്കുന്നു
വൈക്കം: സേവനരംഗത്ത് തങ്ങളില്‍ ഒരാളായി നിന്ന് വാര്‍ഡിെൻറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച പഞ്ചായത്ത് അംഗം പി.ഡി. ജോര്‍ജിന് 90 തൊഴിലുറപ്പ് തൊഴിലാളികളുടെ സ്നേഹോപഹാരം.
ഷാളോ പൂച്ചെണ്ടുകളോ അല്ല, സ്വർണമോതിരം അണിയിച്ചാണ് തൊഴിലാളികള്‍ വാര്‍ഡ് അംഗത്തിന് യാത്രയയപ്പ് നല്‍കിയത്. ഉദയനാപുരം പഞ്ചായത്ത് 14ാം വാര്‍ഡില്‍ കാലാവധി പൂര്‍ത്തിയാക്കി പിരിയുന്ന ജോര്‍ജിന് തൊഴിലാളികള്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിലാണ് സ്വർണമോതിരം സമ്മാനിച്ചത്.
പ്രളയകാലത്തും മഹാമാരിയിലും വാര്ഡിനോടും നിവാസികളോടും പുലര്‍ത്തിയ ഉത്തരവാദിത്തബോധവും സേവന മനോഭാവവും നിറവേറ്റിയ ജോര്‍ജിനെ സ്നേഹത്തോടെ ആദരിക്കുകയാണെന്ന് എ.ഡി.എസ് ചെയര്പേഴ്സൻ അമ്പിളി പറഞ്ഞു. സംഘാടകരായ അമ്മിണി ഗോപാലകൃഷ്ണൻ, അജിത വടക്കേപ്പള്ളത്ത്, ആഞ്ഞിലിക്കത്തറ മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.

