കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsപാത്രങ്ങളുമായി കുടിവെള്ളത്തിന് കാത്തിരിക്കുന്ന വീട്ടമ്മ
വൈക്കം: കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായി ചെമ്മനാകരി നിവാസികൾ. മറവൻതുരുത്ത് പഞ്ചായത്തിലെ 15ാം വാർഡായ ചെമ്മനാകരിയിലാണ് രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കാത്തത്. ഭക്ഷണം സമയത്ത് തയാറാക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികളെ സ്കൂളിലയക്കാൻ പല കുടുംബങ്ങൾക്കും കഴിയുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
മറവൻതുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയായ ചെമ്മനാകരി വേമ്പനാട് കായലിനോട് ചേർന്ന പ്രദേശമാണ്. തോടുകളിലും കുളങ്ങളിലും ഓരു കലർന്നതിനാൽ ഗാർഹികാവശ്യങ്ങൾക്ക് ജല അതോറിറ്റിയുടെ വെള്ളമാണ് ഏക ആശ്രയം. ആഴ്ചയിൽ രണ്ടുദിവസം പൊതുടാപ്പിലൂടെ ലഭിക്കുന്ന ശുദ്ധജലം ശേഖരിച്ചാണ് ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ, ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. ഒരുമാസം മുമ്പ് വെള്ളം ലഭിക്കാതിരുന്നതിനെ തുടർന്ന് ഗ്രാമവാസികൾ വൈക്കം ജല അതോറിറ്റി ഓഫിസിന് മുന്നിൽ സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് പിറ്റേദിവസം മുതൽ വെള്ളം ലഭിച്ചിരുന്നു.

