ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsവിഷ്ണു
വൈക്കം: ഇടയാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ് അസിസ്റ്റന്റിനെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വീട്ടിൽ വിഷ്ണുവിനെയാണ് (26) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
നെറ്റിയിൽ മുറിവ് പറ്റിയതിനെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ ഇയാൾ മദ്യലഹരിയിലായിരുന്നു. മുറിവ് ക്ലീൻ ചെയ്യുന്നതിനിടെ ഇയാൾ വെളിയിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കുകയും ചോദ്യംചെയ്ത നഴ്സിങ് അസിസ്റ്റന്റിനെ ചീത്തവിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. വൈക്കം എസ്.ഐ ജോർജ് മാത്യു, സി.പി.ഒമാരായ പ്രവീണോ, വിജയശങ്കർ, ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

