കൊലപാതകശ്രമം; നിരന്തര കുറ്റവാളികളായ മൂന്നുപേർ അറസ്റ്റിൽ
text_fieldsവൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരന്തര കുറ്റവാളികളായ മൂന്നുപേർ അറസ്റ്റിൽ. റ്റി.വി പുരം പുന്നമറ്റത്തിൽ കണ്ണൻ (ഹനുമാൻ കണ്ണൻ -34), റ്റി.വി പുരം തീയക്കാട്ട്തറയിൽ വി.ആർ. രാഹുൽ (പൊന്നപ്പൻ-33), വെച്ചൂർ അഖിൽ നിവാസിൽ അഖിൽ പ്രസാദ് (കുക്കു-32) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകീട്ട് ആറോടെ മണ്ണന്താനം ഷാപ്പിന് സമീപം, റ്റി.വി പുരം സ്വദേശിയായ യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അനധികൃതമായി പറമ്പിൽ കയറി ഇവർ കക്ക കളിച്ചതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ യുവാവിനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും തുടർന്ന് സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. വൈക്കം എസ്.എച്ച്.ഒ കെ.ജെ. തോമസ്, എസ്.ഐമാരായ ജയകൃഷ്ണൻ, ജോർജ് മാത്യു, വിജയപ്രസാദ്, സി.പി.ഒമാരായ അജേഷ്, വിജയശങ്കർ, മനോജ്, ശിവപ്രസാദ്, നിതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കണ്ണൻ, രാഹുൽ, അഖിൽ പ്രസാദ് എന്നിവർക്കെതിരെ വൈക്കം സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

