മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsകറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനുമടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ പിതാവ് എൻ. ഗോപി (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ വീട്ടിൽ രമേശൻ ചെട്ടിയാർ (51) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാവിലെ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ ഇവർ കല്ലുകൊണ്ട് തലക്കിടിക്കുകയും കമ്പുകൊണ്ട് മർദിക്കുകയുമായിരുന്നു. മധ്യവയസ്കന്റെ പറമ്പിൽ ഇവർ മണ്ണിട്ടതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.
ഇവരുടെ വീടിന്റെ കുളിമുറി പണിയുന്നതുമായി ബന്ധപ്പെട്ട് നീക്കംചെയ്ത മണ്ണാണ് ഇട്ടത്. ഇത് തന്റെ പറമ്പിൽനിന്ന് നീക്കം ചെയ്യണമെന്ന് മധ്യവയസ്കൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വിരോധമാണ് വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കറുകച്ചാൽ എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ പ്രദീപ്, സുരേഷ്, സിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

