നിയന്ത്രണംവിട്ട് കാർ മറിഞ്ഞു; വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥി രക്ഷപ്പെട്ടു
text_fieldsഅടുക്കം തീക്കോയി റൂട്ടിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേക്ക് മറിഞ്ഞ നിലയിൽ
ഈരാറ്റുപേട്ട: നിയന്ത്രണം വിട്ട കാർ വീടിന് സമീപത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് വിദ്യാർഥി രക്ഷപ്പെട്ടു. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അടുക്കം മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്താണ് രക്ഷപ്പെട്ടത്.
തീക്കോയി- അടുക്കംറൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അടുക്കം വെള്ളാനി മുക്കാല സോജൻ ജോസഫിന്റെ കാറാണ് അപകടത്തിൽപെട്ടത്. അടുക്കം-തീക്കോയി റൂട്ടിൽ ഇറക്കം ഇറങ്ങിവരവെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടക്ക് താഴെയുള്ള വീട്ടിലേക്കാണ് മറിഞ്ഞത്.
സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് പതിച്ചു. ഡ്രൈവർ സോജൻ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ വീണതിന്റെ ശക്തിയിൽ കല്ലുകൾ പതിച്ച് വീടിന്റെ ഓട് തകർന്നു. ഓടും കല്ലും തെറിച്ചുവീണ് അൽസാബിത്ത് പഠിച്ചുകൊണ്ടിരുന്ന ഗ്ലാസ് ടേബിളും തകർന്നു.

