ലോറികളിൽ മൂടാതെ മണ്ണ് കൊണ്ടുപോകുന്നത് അപകട ഭീഷണിയാകുന്നു
text_fieldsതലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ ഭാരവാഹനത്തിൽനിന്ന് വീണ പൂഴിമണ്ണ്
തലയോലപ്പറമ്പ്: ലോറികളിൽ പൂഴി മണ്ണും പാറപ്പൊടിയും മൂടാതെ കൊണ്ടുപോകുന്നത് അപകടഭീതി പരത്തുന്നു.
പൂഴിമണ്ണും പാറപ്പൊടിയും പാതയോരത്ത് വീഴുന്നത് ഇരുചക്ര വാഹനങ്ങൾ തെന്നിവീഴാനിടയാക്കുന്നു. ഇതുമൂലം പൊടിശല്യവും രൂക്ഷമാണ്.
തലയോലപ്പറമ്പ് സിലോൺകവല മുതൽ വൈക്കം വല്ലകം സബ് സ്റ്റേഷൻവരെയും പൊതി മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുമാണ് പൂഴിമണ്ണും പാറപ്പൊടിയും കൂടുതൽ വീണിട്ടുള്ളത്. കാൽനടക്കാരുടെയും ഇരുചക്രവാഹന യാത്രികരുടെയും കണ്ണിൽ മണ്ണും പാറപ്പൊടിയും വീഴുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ കഴിഞ്ഞ ദിവസം കനത്ത തോതിൽ പൂഴിമണ്ണുവീണു.
സ്റ്റാൻഡിലേക്ക് ബസുകൾ വരുമ്പോൾ പൂഴിമണ്ണ് കാറ്റിൽ പാറുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. പ്രദേശവാസികൾ എതിർപ്പുമായി എത്തുകയും അധികൃതരോട് പരാതിപ്പെടുകയും ചെയ്തിട്ടും നടപടിയില്ല.

