മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
text_fields1. മണിമലയാറ്റിൽ മൂലേപ്ലാവിൽ യുവാവിനെ കാണാതായ പ്രദേശത്ത് ഈരാറ്റുപേട്ട ടീം എമർജൻസി തിരച്ചിൽ നടത്തുന്നു 2. ഇൻസൈറ്റിൽ ബിജി ബിജു
പൊൻകുന്നം: ചെറുവള്ളി മൂലേപ്ലാവിന് സമീപം മണിമലയാറ്റിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോത്തലപ്പടി മലംമ്പാറ സ്വദേശി തടത്തേൽ ബിജി ബിജുവിനെ (കിച്ചു-25) ആണ് കാണാതായത്. വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെ മണിമലയാറ്റിലെ ഞള്ളിപ്പടി കയത്തിലായിരുന്നു അപകടം.
ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ബിജി. ബിജിയും ബന്ധുക്കളായ രണ്ടു പേരും വ്യാഴാഴ്ച രാവിലെ പത്തോടെയാണ് പ്രദേശത്ത് എത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകും മുമ്പ് ആറ്റിലെ കയത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ആറിന്റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ കയത്തിൽ യുവാവ് മുങ്ങിത്താഴുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്.
കൂടെയുള്ളവരുടെ ബഹളം കേട്ട് സ്ഥലത്തെത്തിയ സമീപവാസികൾ ആറ്റിൽ തിരച്ചിൽ നടത്തുകയും ഒപ്പം പൊലീസിൽ അറിയിക്കുകയും ചെയ്തു. മണിമല പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അഗ്നിരക്ഷ സേനയും ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർജൻസിയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

