പാലാ ജനറൽ ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് എത്തും
text_fieldsപാലാ: കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ ഒരു ചികിത്സാവിഭാഗം കൂടി ആരംഭിക്കാൻ നടപടി. വൃക്കരോഗ ചികിത്സ ആരംഭിക്കുന്നതിന് നെഫ്രോളജിസ്റ്റിനെ ആരോഗ്യവകുപ്പ് പാലായിലേക്ക് നിയോഗിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. ഇതോടൊപ്പം കൂടുതൽ ഡയാലിസിസുകൾ നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
10 മെഷീനുകൾ ഉപയോഗിച്ച് ഇപ്പോൾ രണ്ട് ഷിഫ്റ്റിലായി നടത്തുന്ന ഡയാലിസിസ് മറ്റ് സൗകര്യങ്ങൾകൂടി ക്രമീകരിച്ചാൽ മൂന്നാം ഷിഫ്റ്റ് കൂടി ആരംഭിക്കാം. ഇതോടെ കൂടുതൽ നിർധനർക്ക് സൗജന്യ ഡയാലിസിസ് ഉറപ്പുവരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സങ്കീർണമായ ജുഗുലാർ കത്തീറ്റർ ഡയാലിസിസുകളും തടസ്സമില്ലാതെ നടത്താൻ കഴിയും.
ഇവിടെ ഡയാലിസിസ് വിഭാഗത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഡോക്ടർ പൊതുസ്ഥലം മാറ്റത്തിൽ മാറിപ്പോയതിനാൽ ഡയാലിസിസ് വിഭാഗം പ്രതിസന്ധിയിലായിരുന്നു. പോസ്റ്റ്മോർട്ടം വിഭാഗത്തിലും സ്ഥിരം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.സ്ഥലം മാറ്റപ്പെട്ട നേത്രരോഗ വിഭാഗത്തിലെ ഡോക്ടർക്ക് പകരം എത്രയും വേഗം നേത്രവിഭാഗം കൺസൾട്ടന്റിനെ നിയമിക്കണമെന്നും ഹൃദ്രോഗ വിഭാഗത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടതായും ജോസ് കെ. മാണി പറഞ്ഞു.

