കോട്ടയം ജില്ല ആശുപത്രിയിൽ മരംമുറി തുടങ്ങി
text_fieldsകോട്ടയം: കാത്തുകാത്തിരുന്ന് ഒടുവിൽ ജില്ല ആശുപത്രിയിലെ മരം മുറി തുടങ്ങി. മഹാഗണി, കൂവളം, താന്നി, വാക തുടങ്ങി 15 മരങ്ങളാണ് മുറിക്കുന്നത്. രണ്ടു ദിവസത്തോടെ മരം മുറി പൂർത്തിയാകും. മരം മുറിച്ചുമാറ്റാതെ കെട്ടിടം പണി തുടങ്ങാൻ കഴിയില്ല. ഏറെ നാളായിട്ടും മരങ്ങൾ മുറിച്ചുനീക്കാത്തത് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
57 മരങ്ങളാണ് മുറിച്ചുമാറ്റാനുണ്ടായിരുന്നത്. ഇതിൽ 42 മരങ്ങൾ ടെൻഡർ വിളിച്ച് മുറിച്ച ശേഷമാണ് 15 മരങ്ങൾ കൂടിയുണ്ടെന്ന് അറിഞ്ഞത്. ഇതോടെ രണ്ടാമത് ടെൻഡർ വിളിക്കുകയായിരുന്നു. സാമൂഹിക വനവത്കരണ വിഭാഗം 2.14 ലക്ഷം രൂപയാണ് മരങ്ങൾക്ക് വിലയിട്ടത്. എന്നാൽ, ഈ വിലയ്ക്ക് ആരും എടുക്കാനെത്തിയില്ല. തുടർന്ന് ഒരു ലക്ഷത്തിൽ താഴെ രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. കെട്ടിടം പണിയുമ്പോൾ നീക്കുന്ന മണ്ണ് എന്തുചെയ്യണമെന്ന കാര്യത്തിൽ കൂടി തീരുമാനമായാലേ പണി ആരംഭിക്കാനാവൂ. നിർമാണപ്രവർത്തനങ്ങൾക്കായി സ്ഥലം ഭാഗികമായി ഇൻകെല്ലിന് കൈമാറിയിട്ടുണ്ട്. ഇവിടെ നിർമാണ ഏജൻസികളുടെ ഓഫിസ് കെട്ടിട നിർമാണം പുരോഗമിക്കുകയാണ്.

