കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsസുരേഷ് ബീറ, ആകാശ് ബീറ, ബിക്രം ബുയാൻ, പരാഗ് ദുട്ട
കോട്ടയം: 6.8 കിലോഗ്രാം കഞ്ചാവുമായി നാല് അന്തർസംസ്ഥാന തൊഴിലാളികൾ ചിങ്ങവനത്ത് പിടിയിൽ. ഒഡിഷ സ്വദേശികളായ സുരേഷ് ബീറ (22), ആകാശ് ബീറ (19), അസം സ്വദേശികളായ ബിക്രം ബുയാൻ(19), പരാഗ് ദുട്ട (20) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ 7.45 ന് ഇത്തിത്താനം കളംപാട്ട്ചിറ ഭാഗത്ത് സംശയാസ്പദമായി കണ്ട ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഇവരുടെ ബാഗിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ചിങ്ങവനത്തെ കമ്പനിയിലെ ജോലിക്കാരായ ബിക്രമിനും പരാഗിനും നൽകാൻ ട്രെയിനിൽ സുരേഷും ആകാശും എത്തിച്ചതാണ് കഞ്ചാവ്. മറ്റ് അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം.
ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിനോടൊപ്പം ചിങ്ങവനം എസ്.എച്ച്.ഒ വി.എസ്. അനിൽകുമാർ, എസ്.ഐമാരായ വി.വി. വിഷ്ണു, ഷാൻ, എം.പി. സജി, സിജു സൈമൺ, എ.എസ്.ഐ സിജോ രവീന്ദ്രൻ, സി.പി.ഒ മാരായ റിങ്കു, സുമേഷ്, രാജീവ്, സിറാജുദ്ദീൻ, സാൽബിൻ, ഹോം ഗാർഡ് ഭാസുരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

