കാരിത്തോട് വീണ്ടും പുലി ? കാട്ടുപൂച്ചയെന്ന് വനം വകുപ്പ്
text_fieldsപുലിയെ കണ്ടെന്ന് പറയുന്ന സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിന് സമീപം കാരിത്തോട് ഭാഗത്ത് വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസിയായ വീട്ടമ്മ. വെള്ളിയാഴ്ച രാവിലെ വീടിനുപുറത്ത് നിൽക്കുമ്പോഴാണ് കുറച്ചകലെ പുലിയെ കണ്ടതെന്ന് വീട്ടമ്മയായ മുളയ്ക്കൽ ബെറ്റി പറഞ്ഞു. പേടിച്ചരണ്ട ഇവർ ഓടി വീടിനുള്ളിൽ കയറുകയായിരുന്നു. വ്യാഴാഴ്ച പ്രദേശവാസിയായ കർഷകനും റബർതോട്ടത്തിൽ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ കണ്ടെന്ന് പറഞ്ഞ സ്ഥലത്ത് വന്യജീവിയുടെ കാൽപാടും കണ്ടെത്തി.
എന്നാൽ, കാൽപാട് പുലിയുടേതല്ലെന്നും കാട്ടുപൂച്ചയുടേതാകാമെന്നും വനപാലകർ പറഞ്ഞു. പരിശോധനയിൽ ആറ് സെന്റീമീറ്റർ മാത്രം നീളവും നാല് സെന്റീമീറ്റർ മാത്രം വീതിയുമുള്ള ജീവിയുടേതാണ് കാൽപാട്. പുലിക്ക് ഇതിലും വലുപ്പം ഉണ്ടാകും. എന്നാൽ, കണ്ടത് പുലി തന്നെയാണെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികളും. പ്രദേശത്ത് പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

