28 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍
text_fieldsഎരുമേലി: കോടതി ശിക്ഷ വിധിച്ചശേഷം ഒളിവിൽപോയ പ്രതി 28 വർഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. പാക്കാനം കാരിശ്ശേരി ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബുവാണ് (59) എരുമേലി പൊലീസിന്റെ പിടിയിലായത്.1993ല്‍ അയൽവാസിയെ വീടുകയറി ആക്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നത്.
കോടതി ഇയാളെ മൂന്നുമാസം തടവിനും 2000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു. എന്നാൽ, കോടതിയിൽനിന്നും ഇളവ് നേടി കോടതിയിൽ ഹാജരാകാതെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. കോടതി ശിക്ഷ വിധിച്ചശേഷം ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ ഇടുക്കി തങ്കമണിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
എരുമേലി എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

