ഈരാറ്റുപേട്ടയിൽ കട കുത്തിത്തുറന്ന് മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsഷെഫീഖ്, കെ.വൈ. ഫസിൽ
ഈരാറ്റുപേട്ട: മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ ഷെഫീഖ് (ലൂക്ക -36), അരുവിത്തുറ മറ്റക്കാട് അരയത്തിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ കെ.വൈ. ഫസിൽ (പീറ്റർ -19) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് വ്യാഴാഴ്ച പുലർച്ച നാലിന് ഈരാറ്റുപേട്ട മുട്ടം ജങ്ഷനിലെ മലഞ്ചരക്ക് കടയുടെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. തുടർന്ന് സ്റ്റീൽ മേശയും മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ചെക്ക്ബുക്ക്, ആധാർ കാര്‍ഡ്, വികലാംഗ സർട്ടിഫിക്കറ്റ്, പാസ്ബുക്ക് എന്നിവ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തുടര്‍ന്ന് മോഷ്ടാക്കളെ കണ്ടെത്തി ഇവരെ പിടികൂടുകയുമായിരുന്നു. ഷെഫീക്കിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യൻ, എസ്.ഐ ജിബിൻ തോമസ്, സി.പി.ഒമാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ബി. ഷമീർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

