ഏറ്റുമാനൂരിന്റെ മുഖം മാറ്റാൻ; ചിറക്കുളം പാർക്ക്
text_fieldsഏറ്റുമാനൂർ: നഗരത്തിന്റെ മുഖം മാറ്റുന്ന വികസന കുതിപ്പിന് ചിറക്കുളം കേന്ദ്രീകരിച്ചു പാർക്കും വിശ്രമകേന്ദ്രവും വേണമെന്ന് നിർദേശം. നഗര കേന്ദ്രത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപത്തുള്ള ചിറക്കുളം രാജഭരണത്തിന്റെ ചരിത്രം പേറുന്ന ഇടമാണ്.
ചിറക്കുളം വൃത്തിയാക്കി ഫൗണ്ടൻ സ്ഥാപിച്ച് നവീകരിച്ചും കുട്ടികൾക്ക് ഉല്ലസിക്കാൻ പെഡൽ ബോട്ട് സംവിധാനം ഏർപ്പെടുത്തിയും പദ്ധതി നടപ്പാക്കിയാൽ ആളുകളെ നന്നായി ആകർഷിക്കുന്ന വിശ്രമകേന്ദ്രം ഒരുക്കാനാവുമെന്നാണ് നിർദേശം. കുളത്തിന് ചുറ്റിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തിയും വികസിപ്പിച്ചാൽ പ്രാദേശിക സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം സങ്കേതമാക്കി മാറ്റാൻ കഴിയുമെന്ന് ചൂണ്ടിക്കാണിപ്പെടുന്നു. പാർക്കിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങളുടെ പാർക്കിങ്ങിന് നഗരസഭയുടെ കൈവശമുള്ള മൈതാനം ഉപയോഗപ്പെടുത്താനാവും.
ചിറകുളത്തിന് സമീപം പാർക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ഫ്രാൻസിസ് ജോർജ് എം.പി, ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് എന്നിവർക്ക് ജനകീയ വികസന സമിതി നിവേദനം നൽകി.
ജോസ്മോൻ മുണ്ടക്കൽ അംഗമായിരിക്കെ ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ മുടക്കി 2013ൽ ചിറക്കുളം നവീകരിച്ചിരുന്നു. ഉത്സവസമയത്തും ശബരിമല തീർഥാടന കാലത്തും പതിനായിരങ്ങളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. ചിറക്കുളം പാർക്ക് യാഥാർഥ്യമാക്കാൻ ജനകീയ വികസന സമിതി നേതൃത്വത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തന്നെ തയാറാക്കിയിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. വിശദ നിർദേശങ്ങളടങ്ങുന്ന പ്രോജക്ട് റിപ്പോർട്ട് സഹിതമുള്ള നിവേദനം സമിതി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിനും നാട്ടകം സുരേഷ് എം.എൽ.എക്കും സമർപ്പിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകളുടെ ചരിത്രം
നൂറ്റാണ്ടുകൾക്ക് മുമ്പ് മാർത്താണ്ഡ വർമയുടെ പടയോട്ട കാലത്ത് തെക്കൻകൂർ രാജാവ് ഏറ്റുമാനൂരിൽ ചതുപ്പ് നിലമായി കടന്ന ഭാഗത്ത് കുഴിച്ച ചിറയിൻ കുളമാണ് ചിറക്കുളമായി മാറിയത്. പട്ടിത്താനത്തെ മൈലാടും പാറയിൽനിന്ന് കൊണ്ടുവന്ന കല്ലുകൾ ഉപയോഗിച്ച് 200 തൊഴിലാളികൾ 40 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയതെന്നാണു ചരിത്രം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെയും ആർപ്പുക്കര ക്ഷേത്രത്തിന്റെയും മറ്റ് നിരവധി ക്ഷേത്രങ്ങളുടെയും ആറാട്ട് ചിറകുളത്താണ് നടന്നിരുന്നത്.
ടൗണിന്റെ ഹൃദയഭാഗത്ത് ആമ്പൽ പൂക്കളും താമര പൂക്കളും വിരിയുന്ന മനോഹരമായ കുളമായിരുന്നു മുമ്പ് ചിറക്കുളം. കാലപ്പഴക്കം ചെന്നപ്പോൾ ചിറക്കുളം സംരക്ഷിക്കാൻ നടപടിയുണ്ടായില്ല. ഇതോടെ ഏറ്റുമാനൂരിലെ മാലിന്യവും ചപ്പുചവറുകളും നിക്ഷേപിക്കുന്ന ഇടമായി ഇവിടം മാറി. പരിപാവനമായിരുന്ന ചിറക്കുളം ദുർഗന്ധം വമിക്കുന്ന കേന്ദ്രമായി.
ജോസ്മോൻ തെളിച്ച ശാപമോക്ഷം
മുൻ ജില്ല പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കലിന്റെ ദീർഘവീക്ഷണത്തോടെയുള്ള സമയോചിത ഇടപെടലാണ് ചിറക്കുളത്തിന്റെ ശാപമോക്ഷത്തിനു വഴി തുറന്നത്. 2013ൽ ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ മുടക്കി കുളം നവീകരിച്ചു. കുമിഞ്ഞുകൂടിയ 75 ലോഡ് മാലിന്യം ഒരാഴ്ചയിലധികമെടുത്ത് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കി. ആഴം കൂട്ടി സംരക്ഷണ ഭിത്തി കെട്ടി. കുളത്തിലേക്ക് ഇറങ്ങാൻ റാംപ് പണിതു. ഭിത്തിയുടെ മുകളിൽ ചുറ്റിനും കോൺക്രീറ്റ് ആർട്ട് വർക്ക് നടത്തി മനോഹരമാക്കി. എന്നാൽ, ജോസ്മോൻ വിഭാവനം ചെയ്തതുപോലെ പാർക്ക് ഉണ്ടാക്കാനോ വിളക്കുകൾ സ്ഥാപിക്കുവാനോ പിന്നീട് നടപടിയുണ്ടായില്ല. രണ്ടുമാസം മുമ്പ് ചിറക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചത് ഇതിനിടയിലെ നൊമ്പരമായി.

