ബാങ്കിൽ മോഷണശ്രമം: അന്തർസംസ്ഥാന സ്വദേശി പിടിയിൽ
text_fieldsമണർകാട്: വടവാതൂരിലെ എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചുകയറി മോഷണത്തിന് ശ്രമിച്ച അന്തർസംസ്ഥാന സ്വദേശി അറസ്റ്റിൽ. ഹരിയാന സ്വദേശി അജ്റുദ്ദീനെയാണ് (26) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 9.30 ഓടെ വടവാതൂരിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ പൂട്ടിയിട്ടിരുന്ന മുൻവശത്തെ ഡോറിന്റെ ഗ്ലാസ് ഇടിച്ചുപൊട്ടിക്കുകയായിരുന്നു.
ബാങ്കിൽ ഉണ്ടായിരുന്ന മാനേജർ ഒച്ചവെച്ചതിനെത്തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. പൂട്ടിയിട്ടിരുന്ന ബാങ്കിൽ ആരുമുണ്ടാവില്ലെന്ന് കരുതിയാണ് ഇയാൾ മോഷണത്തിന് ശ്രമിച്ചത്. എന്നാൽ, മാനേജർ ബാങ്കിന്റെ മുൻവശത്തെ ഡോർ അകത്തുനിന്ന് പൂട്ടി ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മാനേജരുടെ പരാതിയെത്തുടർന്ന് മണർകാട് പൊലീസ് കേസെടുക്കുകയും ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
മണർകാട് എസ്.എച്ച്.ഒ സന്തോഷ് പി. ആർ, എസ്.ഐമാരായ ഷിബു വർഗീസ്, നടരാജൻ ചെട്ടിയാർ, സി.പി.ഒമാരായ തോമസ് രാജു, ജിജോ തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

