ബോർഡുകൾ നിറംമങ്ങി, ചുറ്റും കാട്; കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് അവഗണന
text_fieldsകുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള കമാനം ജീർണാവസ്ഥയിൽ
ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സ തേടി എത്തുന്നവർ പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടുപിടിക്കാൻ പ്രയാസപ്പെടുന്നു. പുത്തനമ്പലം ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കവാടത്തിലെ ബോർഡ് വർഷങ്ങളായി പെയിന്റിളകി നശിച്ച അവസ്ഥയിലാണ്. റോഡിന്റെ ഇരുവശവും കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ദൂരെസ്ഥലങ്ങളിൽ നിന്നും വാക്സിനെടുക്കാൻ വരുന്നവർക്കാണ് ഏറ്റവും പ്രയാസം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രാത്രി സാമൂഹിക വിരുദ്ധരുടെയും നായ്ക്കളുടെയും താവളമാണ്. ആശുപത്രിയോടുള്ള അനാസ്ഥക്കെതിരെ പരാതികളും പ്രതിഷേധവും ഉയർന്നിട്ടും പരിഹാരം മാത്രം ഉണ്ടായില്ല.

