കള്ളുഷാപ്പിൽ സംഘട്ടനം; തടസ്സം പിടിക്കാനെത്തിയയാൾക്ക് കുത്തേറ്റു
text_fieldsശാസ്താംകോട്ട: മൈനാഗപ്പള്ളി കാളകുത്തുംപൊയ്കയിലെ കള്ളുഷാപ്പിൽ മദ്യപന്മാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തടസ്സം പിടിക്കാനെത്തിയ ആൾക്ക് കുത്തേറ്റു. ഇടവനശ്ശേരി പരിപ്പോലിൽത്തറ വടക്കതിൽ വീട്ടിൽ നൗഷാദിനാണ് (52) കുത്തേറ്റത്.
കള്ള്കുപ്പി കൊണ്ടുള്ള അടിയേറ്റ് തലക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത ഇടവനശ്ശേരി സ്വദേശി സബിത്ത് (28), പോരുവഴി സ്വദേശി ഷാനവാസ് (33) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് സംഭവം. കുത്തേറ്റ നൗഷാദിന്റെ സുഹൃത്തായ നിഷാദുമായി സബിത്തിന്റെ സുഹൃത്ത് ശത്രുതയിലായിരുന്നു. മദ്യപിക്കുന്നതിനിടെ മുൻവൈരാഗ്യത്തെ തുടർന്ന് സബിത്ത് നിഷാദിനെ ആക്രമിക്കുകയായിരുന്നു. ഈ സമയം തടസ്സം പിടിക്കാനെത്തിയ നൗഷാദിനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

