കെ.ഐ.പി വളപ്പിലെ ‘അപകട’ മരങ്ങൾ മുറിക്കും
text_fieldsകെ.ഐ.പി-നെല്ലിപ്പള്ളി കാമ്പസ് വളപ്പിലെ അപകടഭീഷണിയുയർത്തുന്ന മരങ്ങൾ
പുനലൂർ: നെല്ലിപ്പള്ളി ഗവ. പോളിടെക്നിനിക് കോളജിന് ഭീഷണിയായി കല്ലട ജലസേചന പദ്ധതിയുടെ വളപ്പിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിക്കാൻ നടപടി. കെ.ഐ.പി-നെല്ലിപ്പള്ളി കാമ്പസ് വളപ്പിലെ ഭീഷണിയായ മാവ്, പ്ലാവ്, ഒടിഞ്ഞുവീണ യുക്കാലിപ്റ്റ്സ് എന്നീ മരങ്ങൾ വെള്ളിയാഴ്ച പകൽ 11ന് കെ.ഐ.പി അസി.എൻജിനീയർ ലേലം ചെയ്യും. പോളിടെക്നിക്ക് വളപ്പിൽ അപകടകരമായുള്ള മരങ്ങളും കെട്ടിടങ്ങളും സംബന്ധിച്ച് 18ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കോളജ് വളപ്പിലുണ്ടായിരുന്ന കാടുകൾ അധികൃതർ നീക്കം ചെയ്തു.
എന്നാൽ ചുറ്റുവട്ടത്തുള്ള മരങ്ങൾ ഭീഷണിയായി നിൽക്കുകയാണ്. ഇതിൽ കുറെ മരങ്ങൾ കെ.ഐ.പിയുടെ കെട്ടിടങ്ങളുടെ മുകളിൽ വീണ് കിടപ്പുണ്ട്. ഈ കെട്ടിടങ്ങൾ ഉപയോഗമില്ലാത്തതിനാൽ മരങ്ങൾ മുറിക്കാൻ ആരും തയാറായിട്ടില്ല. എന്നാൽ, പോളിടെക്നിക്കിന് വിട്ടുകിട്ടിയ ഭൂമിയിലെ അപകടകരമായ മരങ്ങൾ മുറിക്കാൻ നടപടിയായില്ല. ഇതുസംബന്ധിച്ച് പോളി അധികൃതർ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.

