സ്കൂട്ടർ യാത്രികന്റെ പത്തരപവൻ മാല ബൈക്ക് യാത്രികൻ പൊട്ടിച്ചു കടന്നു
text_fieldsഓയൂർ: ഓയൂരിൽ പട്ടാപകൽ സ്കൂട്ടർ യാത്രികന്റെ പത്തര പവന്റെ സ്വർണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നു. ചാത്തന്നൂർ പണ്ടാരത്തോപ്പിൽ വീട്ടിൽ ജി. ജോയിയുടെ സ്വർണമാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.40ന് ഓയൂർ ചുങ്കത്തറക്കും അടയറക്കും ഇടയിലായിരുന്നു സംഭവം. ജോയിയുടെ ഭാര്യ ഓയൂർ ചുങ്കത്തറ എൽ.പി സ്കൂൾ അധ്യാപികയാണ്.
ഈ സ്കൂളിലേക്ക് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം ഇദ്ദേഹമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനാശ്യമായ സാധനങ്ങൾ വാങ്ങി നൽകിയശേഷം ഇദ്ദേഹം ഓയൂരിലേക്ക് സ്കൂട്ടറിൽ മടങ്ങിവരുന്ന വഴിയിൽ അടയറ ഡ്രൈവിങ് സ്കൂളിന് സമീപത്ത് പിന്നാലെ ബൈക്കിലെത്തിയ യുവാവ് പൂയപ്പള്ളിയിലേക്കുള്ള വഴി ചോദിച്ചു.
വഴി പറഞ്ഞു കൊടുക്കുന്നതിനായി സ്കൂട്ടർ വേഗം കുറച്ചതോടെ ബൈക്ക് യാത്രികൻ ജോയിയുടെ മാലപൊട്ടിച്ചു കൊണ്ട് അതിവേഗത്തിൽ വെളിനല്ലൂർ ചുങ്കത്തറ റോഡിൽകൂടി രക്ഷപെട്ടു. മാലപൊട്ടിക്കുന്നത് ചെറുക്കാൻ ശ്രമിച്ചതോടെ സ്കൂട്ടർ മറിഞ്ഞുവീണ് ജോയിയുടെ കൈക്ക് പരിക്കേൽക്കുകയും സ്കൂട്ടറിന് കേടുപാട് സംഭവിക്കുകയും ചെയ്തു. തുടർന്ന് ജോയി സ്കൂട്ടറിൽ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.
കറുത്ത ബൈക്കിലെത്തിയ മോഷ്ടാവ് ഹെൽമറ്റും ഷോൾഡർ ബാഗും തൂക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

