കാത്തിരിപ്പിനൊടുവിൽ ‘മത്തി’ ആവോളം
text_fieldsആലപ്പാട് - അഴീക്കൽ ഹാർബറിൽ മത്സ്യ വ്യാപാരികളുടെ തിരക്ക്
ഓച്ചിറ: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് രണ്ട് ദിവസമായി വള്ളങ്ങൾ കടലിൽ ഇറക്കാതിരുന്ന മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച മടങ്ങിയെത്തിയത് നിറയെ ‘മത്തി’യുമായി. ആലപ്പാട് - അഴിക്കൽ മത്സ്യബന്ധന തുറമുഖത്ത് മത്തിയുമായി എത്തിയ വള്ളങ്ങളെ കാത്ത് മത്സ്യ വ്യാപാരികളുടെ വൻ തിരക്കാണുണ്ടായത്. രണ്ടു ദിവസമായി ഒരു മത്സ്യവും കിട്ടാത്ത സാഹചര്യമായിരുന്നു തീരദേശത്.
മത്തി ഉണ്ടെന്നറിഞ്ഞ് മറ്റു ജില്ലകളിൽ നിന്ന് വാഹനങ്ങളുമായി വ്യാപാരികൾ ഇവിടേക്ക് എത്തി. ടോളിങ് മൂലം മത്സ്യത്തിന് ക്ഷാമമുള്ളതിനാൽ കിട്ടുന്ന മീനിന് നല്ല വില ലഭിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി.
ട്രോളിങ്ങിന് മുമ്പ് കുട്ട കണക്കിനാണ് മത്സ്യം ലേലം ചെയ്തിരുന്നത്. ഇപ്പോൾ കിലോ കണക്കിനാണ് ലേലം. ഒരു കിലോ മത്തിക്ക് 200 രൂപക്ക് മുകളിൽ വില കിട്ടി. മാർക്കറ്റുകളിൽ 320 രൂപക്കാണ് വിൽപന.

