ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ചു
text_fieldsകൊട്ടിയം: സർക്കാർ മദ്യവിൽപനശാലയിൽനിന്ന് 10000 രൂപയുടെ മുന്തിയയിനം മദ്യം മോഷണം പോയി. തഴുത്തല ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപനശാലയിൽനിന്നാണ് മദ്യം മോഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ രണ്ടോടെ ഗ്രില്ലിട്ട പ്രധാന വാതിലിന്റെയും അകത്തെ വാതിലിന്റെയും പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് ലോക്കറിന്റെ പൂട്ട് തകർക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
തുടർന്ന്, മദ്യം മോഷ്ടിച്ചു സ്ഥലം വിടുകയായിരുന്നു. കല്ലുവാതുക്കലിലെ മദ്യവിൽപനശാലയിൽ പണം മോഷ്ടിക്കുകയും ചടയമംഗലത്ത് മോഷണശ്രമവും നടത്തിയ മോഷ്ടാവ് തന്നെയാണ് തഴുത്തലയിലും കയറിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കൊട്ടിയം പൊലീസ് കേസെടുത്തു.

