വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കെട്ടിയിട്ട് മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsലാലുമോൻ
കൊട്ടാരക്കര: വിവാഹാഭ്യർഥന നിരസിച്ച പട്ടികജാതി യുവതിയെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. എസ്.എൻ പുരം ലാൽ സദനിൽ ലാലുമോൻ (34) ആണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽവെച്ച് ലാലു ആക്രമിക്കുകയായിരുന്നു. യുവതിയെ തടഞ്ഞുനിർത്തി അടിക്കുകയും റബർപുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു.
തുടർന്ന് റബർ മരത്തിൽ കെട്ടിയിടുകയും വായ്ക്കുള്ളിൽ കരിയില കുത്തിത്തിരുകുകയും മർദിക്കുകയും യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയുമായിരുന്നു.
ഈസമയം അതുവഴി പ്രദേശവാസിയായ ഒരാൾ വന്നതോടെ ലാലു പിന്മാറിയതിനെതുടർന്ന് രക്ഷപ്പെട്ട യുവതി ഓടി വീട്ടിലെത്തി മാതാവുമായി പുത്തൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയോടെ ഇയാളെ പൊലീസ് കസ്റ്റഡിയിെലടുത്തു.
പുത്തൂർ ഐ.എസ്.എച്ച്.ഒ ജി. സുഭാഷ്കുമാർ, എസ്.ഐമാരായ ടി.ജെ. ജയേഷ്, മധുസൂദനൻപിള്ള, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ ഒ.പി. മധു, സി.പി.ഒ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

