അധികൃതർ കാണുന്നുണ്ടോ, കൊല്ലം കടലിലെ മത്സ്യക്കൊള്ള
text_fieldsശക്തികുളങ്ങര ഹാർബറിൽ കഴിഞ്ഞ ദിവസം ബോട്ടിൽ എത്തിച്ച ചെറുമത്സ്യം
കൊല്ലം: 52 ദിവസം ട്രോളിങ് നിരോധനം നടപ്പാക്കി ഹാർബർ തുറന്നുനൽകിപ്പോകുന്ന അധികൃതർ കാണുന്നുണ്ടോ, കൊല്ലം തീരം കേന്ദ്രീകരിച്ച് കടലിൽ നടക്കുന്ന ഈ മത്സ്യക്കൊള്ള. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുമത്സ്യങ്ങൾക്ക് ‘കരുതൽ’ തീർത്താണ് മൺസൂൺ കാലത്ത് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. എന്നാൽ, ആ കാലയളവ് കഴിഞ്ഞ് കടൽ തുരന്നുവാരുംപോലെ കുഞ്ഞുമത്സ്യങ്ങളെ അവിശ്വസനീയ അളവിൽ പിടിക്കുന്നത് കൊല്ലം തീരത്തും വ്യാപകമാകുകയാണ്. കൊല്ലം ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽ നിന്ന് പോകുന്ന ഒരു വിഭാഗം വലിയ ബോട്ടുകളും ഇൻബോർഡ് കപ്പൽവള്ളങ്ങളുമാണ് പതിനായിരക്കണക്കിന് കിലോ ചെറുമത്സ്യവുമായി ദിനംപ്രതി കരയിലെത്തുന്നത്. വാള, ഉലുവച്ചി, ചെമ്മീൻ, സിഡി കാരൽ, മാന്തൾ, നത്തോലി, കൊക്കോല എന്നിങ്ങനെ മലയാളികൾ വ്യാപകമായി ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് പ്രധാനമായും കടലിന്റെ അടിത്തട്ടുവരെയെത്തുന്ന വലകളിട്ട് കോരിയെടുക്കുന്നത്. ഇതിനെതിരെ കൊല്ലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിടയിൽ അമർഷം പുകയുകയാണ്.
അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു കൂസലുമില്ലാതെ മാഫിയ സംഘത്തിനെ പോലെ ബോട്ടുകാർ ചെറുമത്സ്യം പിടിക്കുന്നതും ഹാർബറിലെത്തിച്ച് വിൽക്കുന്നതും കൊണ്ടുപോകുന്നതും യഥേഷ്ടം തുടരുകയാണ്. എതിർപ്പുയർത്തുന്നവർക്ക് നേരെ ഭീഷണി ഉൾപ്പെടെ മുഴക്കിയാണ് ഈ സംഘം പ്രവർത്തിക്കുന്നത്. മത്സ്യത്തീറ്റയുണ്ടാക്കുന്നതിനും വളം നിർമിക്കുന്നതിനും ഉൾപ്പെടെ ഉപയോഗിക്കുന്നതിന് വൻകിട കമ്പനികൾക്ക് വേണ്ടിയാണ് കൊല്ലത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോട്ടുകൾ ഇത്തരത്തിൽ ചെറുമത്സ്യക്കവർച്ച നടത്തുന്നത്. രണ്ട്- മൂന്ന് സെന്റീമീറ്റർ മാത്രം വലിപ്പമുള്ള മത്സ്യം വരെയൊക്കെയാണ് പിടിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യത്തിലെ ഗുരുതര സ്ഥിതി വെളിവാക്കുന്നു.
എവിടെയാണോ മത്സ്യമുള്ളത് അവിടെ നിന്ന് ആവശ്യത്തിന് മത്സ്യം പിടിച്ച് തിരികെയെത്തുന്നവരാണ് കൊല്ലത്തിന്റെ വിവിധ ഹാർബറുകളിൽ നിന്ന് പോകുന്ന ബഹുഭൂരിപക്ഷം പരമ്പരാഗത വള്ളക്കാരും യന്ത്രവത്കൃത ബോട്ടുകാരും. എന്നാൽ, ഇവരുടെ നിലനിൽപ്പ് പോലും അപകടത്തിലാക്കി, വടക്ക് -പടിഞ്ഞാറൻ കടലിൽ ഉൾപ്പെടെ എവിടെയാണോ മത്സ്യക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നത് അവിടെയെത്തി ചെറുമത്സ്യം കൂട്ടത്തോടെ കോരിയെടുക്കുകയാണ് നിയമലംഘനം നടത്തുന്ന ഒരുവിഭാഗം ബോട്ടുകാർ. ഇത്തരം ബോട്ടുകളിൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾ സാധാരണയായി പണിയെടുക്കാറില്ല. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മത്സ്യസമ്പത്തിനെ കൊള്ളയടിക്കുന്ന ക്രൂരത നടപ്പാക്കുന്നത്. 25000 മുതൽ 50000 കിലോ വരെ ചെറുമത്സ്യമാണ് ഓരോ ബോട്ടും ദിനംപ്രതി പിടിക്കുന്നത്. കഴിഞ്ഞയാഴ്ച ഒരു ദിവസം ഒരൊറ്റ ബോട്ടിൽ 40000 കിലോ മത്സ്യമാണ് ശക്തികുളങ്ങര ഹാർബറിൽ ഇറക്കിയത്. രണ്ടര - മൂന്ന് കിലോ വരെ ഒരെണ്ണത്തിന് തൂക്കം വരുന്ന തരത്തിൽ വളരുന്ന ഉലുവാച്ചി മത്സ്യമൊക്കെ 100 ഗ്രാം പോലും തൂക്കമാകുന്നതിന് മുമ്പ് പിടിക്കുകയാണ്. ഇപ്പോൾ കൊല്ലംകാർക്കിടയിലും നല്ല വിൽപനയുള്ള സിഡി കാരൽ അഞ്ച് എണ്ണം വരെ വരുന്ന ഒരു കിലോക്ക് 160 രൂപ നൽകേണ്ടി വരുന്നുണ്ട്. ആ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ തുച്ചമായ വിലക്ക് ആണ് 50 കിലോയുടെ ബോക്സിൽ വിൽക്കുന്നത്.
ഹാർബറിൽ കമ്പനികളുടെ ഏജന്റുമാർ എത്തി ബോക്സിന് വിലപേശി കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ചില ബോട്ടുകൾ കരയിൽ എത്തുന്നതിന് മുമ്പ് തന്നെ കമ്പനിയുമായി ഡീൽ ഉറപ്പിച്ചിരിക്കും. വലയിൽ എത്ര മത്സ്യം ഉണ്ടെന്ന് തൊഴിലാളികൾ വിളിച്ച് അറിയിക്കുമ്പോൾ തന്നെ കമ്പനിയുമായി കച്ചവടം നടക്കുകയാണ്. ഒരു കമ്പനിയിലേക്ക് മാത്രം ദിവസം 10-12 ലോഡ് ആണ് കൊണ്ടുപോകുന്നത്. 320-400 ബോക്സുകൾ കയറുന്ന വണ്ടികൾ വരെയാണ് ഹാർബറുകൾക്ക് മുന്നിൽ കാത്തുകിടക്കുന്നത്. ഇത്തരം മത്സ്യം എത്തിക്കുമ്പോൾ മുതൽ ഹാർബറിലും പരിസരത്തും അസഹനീയ ദുർഗന്ധവും നിറയും. ഭക്ഷണാവശ്യത്തിന് കൊണ്ടുവരുന്ന മത്സ്യം ആവശ്യത്തിന് ഐസ് ഇട്ടാണ് ബോട്ടുകളിൽ എത്തിക്കുന്നത്. എന്നാൽ, ഇത്തരം കമ്പനികൾക്ക് കൈമാറാനുള്ള മത്സ്യത്തിന് പേരിന് രണ്ട് കോരി ഐസ് ഇട്ടായിരിക്കും ബോട്ടിൽ പിടിക്കുമ്പോൾ മുതൽ സൂക്ഷിക്കുന്നത്.
ബോട്ടിൽ വെച്ച് തന്നെ ചീഞ്ഞുതുടങ്ങുന്ന മത്സ്യം ഹാർബറിന്റെയും ഇത് കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഉൾപ്പെടെ അടുത്ത്നിൽക്കാൻ കഴിയാത്ത വിധം ദുർഗന്ധം നിറക്കുകയാണ്. കൊല്ലം തീരത്തിന്റെ മത്സ്യമേഖലയെ ആകെ തകർക്കുന്ന ചെറുമത്സ്യക്കവർച്ചക്കെതിരെ തൊഴിലാളി സംഘടനകളുൾപ്പെടെ ശബ്ദമുയർത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. ചോദ്യമുയർത്തുന്നവർ ജീവന് ആപത്തുണ്ടാകുമെന്ന ഭീതിയിൽ കഴിയേണ്ടിവരികയാണ്.
കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്ത ചർച്ചയിലും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ടായെങ്കിലും നിർബാധം പരസ്യമായി ചെറുമത്സ്യബന്ധനവും വിൽപനയും കൊല്ലത്ത് തുടരുകയാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ഈ കൊള്ളക്ക് കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപവുമുണ്ട്. അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ നിയമം ഉണ്ടായിട്ടും നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിചാരിച്ചാൽ മാത്രം മതി. എന്നാൽ, അത്തരത്തിൽ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. അടിയന്തരമായി ഈ വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ കൊല്ലത്തിന്റെ മത്സ്യസമ്പത്ത് ആകെ നശിക്കുകയും മത്സ്യബന്ധനം എന്ന ഉപജീവനമാർഗം തന്നെ ഇല്ലാതാകുമെന്നും ഓർമിപ്പിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

