കൊല്ലം: ജില്ല സ്കൂൾ കായികമേള ആറുമുതൽ
text_fieldsകൊല്ലം: ജില്ല സ്കൂൾ കായികമേള ഒക്ടോബർ ആറ്, എട്ട്, ഒമ്പത് തീയതികളിൽ കല്ലുവാതുക്കലിൽ നടക്കും. ക്ലസ്റ്റർ യോഗം നടക്കുന്നതിനാൽ ഏഴിന് മത്സരങ്ങളുണ്ടാകില്ല.
ജില്ല കലോത്സവത്തിന്റെ തീയതികളിലും മാറ്റം വരുത്താൻ തീരുമാനമായി. നാലു മുതൽ ഏഴുവരെ നടത്താൻ നിശ്ചയിച്ചിരുന്ന കായികമേളയാണ് പുതിയ തീയതിയിലേക്ക് മാറ്റിയത്. കനത്ത മഴ കാരണം ഉപജില്ല കായികമേളകൾ വെള്ളിയാഴ്ച തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.
ജില്ല മേള നടക്കാനിരിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ശനിയാഴ്ച ഭൂരിഭാഗം ഉപജില്ലകളിലും മത്സരങ്ങൾ ആരംഭിക്കാനായിരുന്നു. എന്നാൽ, ഞായറാഴ്ച വീണ്ടും മഴ വില്ലനായതിനാൽ പലയിടത്തും മത്സരങ്ങൾ നടത്താനായില്ല.
നവംബർ 21 മുതൽ 24 വരെ നിശ്ചയിച്ചിരുന്ന ജില്ല കലോത്സവത്തിന്റെ തീയതി മാറ്റി നേരത്തേ നടത്താനും തീരുമാനിച്ചു. നവംബർ 13 മുതലായിരിക്കും ജില്ല കലോത്സവം ആരംഭിക്കുന്നത്. കുണ്ടറ ഇളമ്പള്ളൂർ എസ്.എൻ എച്ച്.എസ് പ്രധാന വേദിയാകുന്ന കലോത്സവം 17 വരെയാണ് നടക്കുന്നത്. 23ന് ക്ലസ്റ്റർ യോഗം നടക്കുന്നത് കാരണമാണ് തീയതി മാറ്റിയത്.

