ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഫോറൻസിക് സംഘം പരിശോധന നടത്തി
text_fieldsകടയ്ക്കൽ: ചിതറ കിഴക്കുംഭാഗം ചന്തയിൽ മീൻ വാങ്ങാനെത്തിയ ഓട്ടോത്തൊഴിലാളിയെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രി എട്ടോടെ കിഴക്കുംഭാഗം ചന്തയിലായിരുന്നു സംഭവം. മീൻ വാങ്ങാനെത്തിയ ചിറവൂർ അമ്പലംമുക്ക് ലക്ഷ്മിവിലാസത്തിൽ ഹരീഷും (46), സുഹൃത്തും സഹപാഠിയുമായ കിഴക്കുംഭാഗം മണിമന്ദിരത്തിൽ വിനോദുമായി (47, കുട്ടൻ) വാക്ക് തർക്കവും പിടിവലിയും നടന്നു. ഓട്ടോയിൽ കയറി തിരികെ പോകാൻ തുടങ്ങിയ ഹരീഷിനെ വെട്ടുകത്തിയുമായെത്തിയ വിനോദ് കൈക്കും കാലിലും വെട്ടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഗുരുതര പരിക്കേറ്റ ഹരീഷിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വിനോദിനെ നാട്ടുകാർ പിടികൂടി ചിതറ പൊലീസിന് കൈമാറി. വിനോദ് മദ്യലഹരിയിലായിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

