ഓടികൊണ്ടിരുന്ന കാറിൽ തീപിടിത്തം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകൊല്ലം: നഗരത്തിന് സമീപം ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.മരുത്തടി കന്നിമേൽചേരി സരലായത്തിൽ പ്രദീപ്കുമാറിന്റെ എക്കോ സ്പോട്ട് കാറാണ് കത്തിയമർന്നത്. രാമൻകുളങ്ങര മേലൂർകുളങ്ങര കളരിക്ക് സമീപം ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. തെക്കുംഭാഗത്ത് വാടകക്ക് താമസിക്കുന്ന പ്രദീപ് രാവിലെ കാറിൽ ഭാര്യയെ സംഗീത ജങ്ഷനിൽ ഇറക്കിയശേഷം തന്റെ ബ്യൂട്ടിസെലൂണിലേക്ക് പോകുമ്പോഴാണ് അപകടം.
കാറിന്റെ മുന്നിൽനിന്ന് പുക ഉരുന്നത് കണ്ട് വാഹനം നിർത്തുമ്പോഴേക്കും തീ പടർന്നിരുന്നു. വാഹനത്തിൽ കുടുങ്ങിയ പ്രദീപിനെ ഓടി കൂടിയവരാണ് പുറത്തെത്തിച്ചത്. പള്ളിത്തോട്ടത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തി അമർന്നു.
കാറിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും നശിച്ചു. സമീപം ട്രാൻസ്ഫോർമർ ഉണ്ടായിരുന്നെങ്കിലും തീപടരാത്തത് അനിഷ്ടങ്ങൾ ഒഴിവാക്കി. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി.

