ഡ്രൈവർ മദ്യലഹരിയിൽ; കുട്ടികളെ പൊലീസ് സ്കൂളിലെത്തിച്ചു
text_fieldsകൊല്ലം: ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സ്കൂൾ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വിദ്യാർഥികളുമായെത്തിയ രണ്ട് സ്കൂൾ ബസ് ഡ്രൈർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിറ്റി പരിധിയിൽ 551 വാഹനങ്ങളിലായിരുന്നു പരിശോധന. മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത മൂന്ന് വാഹനങ്ങൾക്കെതിരെയും നികുതിയടക്കാത്ത രണ്ട് വാഹനങ്ങൾക്കെതിരെയും പിഴ ചുമത്തി.
വെള്ളയിട്ടമ്പലം ജങ്ഷനിൽ കൊല്ലം വെസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ തങ്കശ്ശേരിയിലെ വിവിധ സ്കൂളുകളിലേക്ക് കുട്ടികളുമായി എത്തിയ ‘കുഞ്ഞാറ്റ’ എന്ന സ്വകാര്യ വാഹത്തിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തുകയും ഡ്രൈവറായ മുക്കാട് സ്വദേശി സുനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വഴിയിൽ അകപ്പെട്ട കുട്ടികളെ വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ ഷമീർ അതേ വാഹനത്തിൽ തന്നെ സ്കൂളുകളിലെത്തിച്ചു. കണ്ണനല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ വീടുകളിൽനിന്ന് കുട്ടികളെ കൂട്ടികൊണ്ടുവരാനായി പോയ സ്വകാര്യ സ്കൂളിലെ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വാഹനം പിടിച്ചെടുക്കുകയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പരിശോധനയിൽ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ എ.സി.പിമാർ മേൽനോട്ടം നൽകി. ജില്ലയിലെ 33 സ്ഥലങ്ങളിലായിരുന്നു പരിശോധന.

