ഗവ. മെഡിക്കൽ കോളജിൽ മരുന്നിന് കാത്തിരിപ്പ്; രോഗികൾ ദുരിതത്തിൽ
text_fieldsപാരിപ്പള്ളി മെഡിക്കൽ കോളജിലെ ഫാർമസിക്ക് മുന്നിലെ ക്യു
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ നിന്നു മരുന്നു ലഭിക്കാൻ വൈകുന്നതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ മരുന്ന് ലഭിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഡോക്ടറെ കണ്ടതിനുശേഷം മണിക്കൂറുകളോളം ക്യൂ നിന്നെങ്കിൽ മാത്രമേ മരുന്നു ലഭിക്കു.
പനിക്കാലമായതോടെ രാവിലെ തന്നെ രോഗികൾ ചികിത്സക്കായി ആശുപത്രിയിൽ എത്തുന്നുണ്ടെങ്കിലും മരുന്നു വാങ്ങി മടങ്ങാൻ മണിക്കൂറുകൾ വൈകുകയാണ്. കുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ ക്യൂവിൽ നിന്നു വലയുകയാണ്. ഫാർമസിക്കു മുന്നിൽ നീണ്ട നിരയാണു പലപ്പോഴുമുള്ളത്. മുഴുവൻ കൗണ്ടറുകളും പ്രവർത്തിപ്പിച്ചു രോഗികളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
രോഗികളുടെ എണ്ണം കുടിയതാണ് മരുന്നു വിതരണത്തിനു താമസം നേരിടുന്നതിനു കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. രാത്രിയിൽ ഫാർമസിയുടെയും ലാബിന്റെയും പ്രവർത്തനം ഇല്ലാത്തത് രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ നാഷനൽ ഹെൽത്ത് മിഷൻ വഴി താൽക്കാലിക ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

