മയക്കുമരുന്നുമായി ബോക്സിങ് പരിശീലകൻ അറസ്റ്റിൽ
text_fieldsഗോകുൽ
കൊല്ലം: കരുനാഗപ്പള്ളി പന്മന വില്ലേജിൽ വടുതല ഭാഗത്ത് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 16.104 ഗ്രാം എം.ഡി.എം.എയുമായി ബോക്സിങ് പരിശീലകൻ പിടിയിലായി. കരുനാഗപ്പള്ളി താലൂക്ക് പന്മന വില്ലേജിൽ വടുതല ദേശത്ത് ഗോകുൽ ഭവനം വീട്ടിൽ ഗോകുൽ (28) ആണ് അറസ്റ്റിലായത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിതരണ ശൃംഗലയിലെ പ്രധാനിയാണ് അറസ്റ്റിലായ ഗോകുൽ. മൊത്തവിൽപനക്കാരിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് വാങ്ങി ചില്ലറ വിൽപന നടത്തിവരുകയായിരുന്നു പ്രതി.
ഓപറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ രാത്രി പരിശോധനയിലാണ് കൊമേർഷ്യൽ അളവിലുള്ള എം.ഡി.എം.എയുമായി പ്രതി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നിർദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ ജെ.ആർ. പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, ബി.എസ്. അജിത്, ജൂലിയൻ ക്രൂസ്, ജോജോ, സൂരജ്, ബാലു എസ്.സുന്ദർ, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ, നിജി, സിവിൽ എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

