വാടകക്കാരെ ഒഴിപ്പിച്ചെടുത്ത കെട്ടിടം പൊളിക്കാൻ നടപടിയില്ല
text_fieldsഅഞ്ചൽ ആർ.ഒ ജങ്ഷനിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്
അഞ്ചൽ: കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ടതിനാൽ വാടകക്കാരെ പൂർണമായി ഒഴിപ്പിച്ചെടുത്ത കെട്ടിടം പൊളിക്കാൻ നടപടിയെടുക്കാതെ അധികൃതർ. അഞ്ചൽ ആർ.ഒ ജങ്ഷനിലെ പഞ്ചായത്ത് വക ഇരുനില ഷോപ്പിങ് കോംപ്ലക്സാണ് ഭീഷണിയായി നിൽക്കുന്നത്. കെട്ടിടത്തിലെ വാടകക്കാരെ ഒഴിപ്പിച്ചിട്ട് ഒരു വർഷമായി. കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, വിളക്കുപാറ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഈ കെട്ടിടത്തിലാണ്. കൂടാതെ, സദാ സമയവും നിരവധി പേർ കാൽനടയായി ഇതുവഴി നടക്കാറുണ്ട്. കോൺക്രീറ്റ് പാളിയുടെ ഭാഗങ്ങൾ അടർന്നുവീണ് അപകടമുണ്ടാകുന്നത് പതിവാണ്. കൂടുതൽ അപകടം ഉണ്ടാകാതെ അടിയന്തരമായി കെട്ടിടം പൊളിക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

