കുരങ്ങുകൾ ചാവുന്നു: വിഷം ഉള്ളിൽച്ചെന്നെന്ന് കണ്ടെത്തൽ
text_fieldsRepresentational Image
അഞ്ചൽ: മലമേലിൽ കുരങ്ങുകൾ പതിവായി ചാവുന്നത് വിഷം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മലമേൽ ശങ്കരനാരായണ ക്ഷേത്രത്തിലും ടൂറിസം പരിസരത്തുമായി നൂറുകണക്കിന് കുരങ്ങുകളുണ്ട്. ഏതാനും ദിവസം മുമ്പ് ക്ഷേത്രപരിസരത്ത് ഒരു കുരങ്ങിനെ ചത്തനിലയിൽ കണ്ടിരുന്നു. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിലും കുരങ്ങുകളെ ചത്തനിലയിൽ കണ്ടെത്തി.
തുടർന്ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് അധികൃതരെത്തി കുരങ്ങുകളുടെ ജഡം ലാബിലേക്ക് അയച്ചിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് കുരങ്ങുകൾ ചത്തതെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്.വിജനമായ പുരയിടങ്ങൾ, റബർ തോട്ടങ്ങൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലാണ് കുരങ്ങുകളുടെ ജഡം ജീർണിച്ച നിലയിൽ കണ്ടത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.

