നിയമ വിരുദ്ധ മത്സ്യബന്ധനം: മൂന്ന് ബോട്ടുകൾ കൂടി പിടികൂടി; 3,45,400 രൂപ പിഴയീടാക്കി
text_fieldsനിയമവിരുദ്ധ കരവലി നടത്തിയതിന് വൈപ്പിൻ ഫിഷറീസ്
സ്റ്റേഷൻ സംഘം പിടികൂടിയ ബോട്ടുകൾ
വൈപ്പിൻ: തീരത്തുനിന്ന് 20 മീറ്റർ ആഴപരിധിവരെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് ട്രോളിങ് നടത്തിയ മൂന്ന് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തു. മുരിക്കുംപാടം ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന അത്ഭുതമാത, വിശ്വാസ കപ്പൽ എന്നീ ബോട്ടുകളും തോപ്പുംപടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന യഹോവ നിസി എന്ന ബോട്ടുമാണ് പിടിയിലായത്.
വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ് ഉൾപ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. ഞാറക്കൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ബി. സീതാലക്ഷ്മി ബോട്ടുകൾ ഇമ്പൗണ്ട് ചെയ്തു. എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു.
അത്ഭുത മാത, വിശ്വാസ കപ്പൽ എന്നീ ബോട്ടുകൾക്ക് 1,00,000 രൂപ വീതവും യഹോവ നിസി ബോട്ടിന് 2,25,000 രൂപയും പിഴയീടാക്കി. മത്സ്യലേലം ചെയ്ത 20,400 രൂപയും അടപ്പിച്ചു.

