തീരദേശ റോഡ് നിര്‍മാണം 25ന് പുനരാരംഭിക്കും
text_fieldsവളപ്പ് ബീച്ച് മുതല്‍ വടക്കോട്ടുള്ള തീരദേശ റോഡ് നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാറക്കല്‍ പി.ഡബ്ല്യു.ഡി ഓഫിസില്‍ സി.പി.എം നേതാക്കള്‍ അസി. എന്‍ജിനീയറുമായി
സംസാരിക്കുന്നു
വൈപ്പിന്‍: വളപ്പ് ബീച്ച് മുതല്‍ വടക്കോട്ടുള്ള തീരദേശ റോഡ് നിര്‍മാണം 25ന് പുനരാരംഭിക്കുമെന്ന് ഞാറക്കല്‍ പൊതുമരാമത്ത് അസി. എൻജിനീയറുടെ സാന്നിധ്യത്തില്‍ കരാറുകാരന് ഉറപ്പുനല്‍കി. റോഡുപണി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി അസി. എൻജിയറുടെ ഓഫിസിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. എന്നാല്‍, വ്യക്തമായ മറുപടി നല്കാന് അസി. എൻജിനീയര്ക്കായില്ല.
തീരുമാനമെടുക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടെടുത്തതോടെ കോണ്‍ട്രാക്ടറുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ആരംഭിച്ച റോഡ് നിര്‍മാണം പലഘട്ടങ്ങളിലും കരാറുകാരന് നിര്‍ത്തിവെക്കുകയായിരുന്നു. റോഡ് ആദ്യം കരാര്‍ എടുത്തയാള്‍ പണി നടത്താതെവന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് വീണ്ടും ടെൻഡര്‍ വിളിച്ചാണ് ഇപ്പോഴത്തെ കരാറുകാരനെ ഏല്പിച്ചത്.
ഒന്നര ഇഞ്ച് മെറ്റല്‍ വിരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പിന്നീടുകള്ള പണികള്‍ ഇഴഞ്ഞാണ് നീങ്ങിയത്. ഇപ്പോള്‍ നിശ്ചയിച്ച തീയതിയില്‍ നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ലോക്കല്‍ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു. പഞ്ചായത്തംഗം കെ.ആര്. സുരേഷ്ബാബു, എം.എ. പ്രസാദ്, വി.കെ. ലാലന് തുടങ്ങിയവര്‍ പങ്കെടുത്തു.

