ഇവിടം ദുരിതമാണ്; കരിന്തളത്തെ ദുരിതാശ്വാസ കേന്ദ്രം ജീർണാവസ്ഥയിൽ
text_fieldsകരിന്തളത്തെ ദുരിതാശ്വാസ കേന്ദ്രം കെട്ടിടം
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസകേന്ദ്രം അനാഥാവസ്ഥയിൽ. പഞ്ചായത്ത് പരിധിയിൽ വെള്ളപ്പൊക്കം, പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ ആളുകളെ മാറ്റി പാർപ്പിക്കേണ്ട കെട്ടിടമാണ് പഞ്ചായത്തിന്റെ അനാസ്ഥമൂലം ജീർണാവസ്ഥയിലായത്. പഞ്ചായത്തിലെ മുക്കട മുതൽ ചായ്യോത്ത് കണിയാടവരെയുള്ള കുടുംബങ്ങൾ തേജസ്വനി പുഴയോരത്താണ് താമസിക്കുന്നത്. മഴക്കാലത്ത് പുഴകവിഞ്ഞ് വെള്ളപ്പൊക്കം വരുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന സ്ഥിതി വരാറുണ്ട്. ഇവർക്കുവേണ്ടിയാണ് ചോയ്യങ്കോട്ടെ പഴയ വില്ലേജ് ഓഫിസ് കെട്ടിടവും കരിന്തളത്തെ കെട്ടിടവും ദുരിതാശ്വാസ കേന്ദ്രമായി പഞ്ചായത്ത് പ്രഖ്യാപിച്ചത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള രണ്ട് കെട്ടിടങ്ങളും ജീർണാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണി നടത്താൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. കെട്ടിടം സംരക്ഷിച്ച് പരിപാലിക്കാൻ അതികൃതർ തയാറാകാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

