സ്പോർട്സ് കൗൺസിലിന്റെ ലെറ്റർ ഹെഡ് ഉപയോഗിച്ച് തട്ടിപ്പെന്ന് പരാതി
text_fieldsകാഞ്ഞങ്ങാട്: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കെ.എഫ്.എയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലെറ്റർ ഹെഡ് തയാറാക്കി കബളിപ്പിക്കുന്നതായി പരാതി. പടന്നയിലെ ഒരു ഫുട്ബാൾ സംഘടനക്കെതിരെയാണ് പരാതി. കെ.എഫ്.എയുടെ അംഗീകാരം നേടിയ ക്ലബുകൾക്ക് മാത്രമേ കെ.എഫ്.എയുടെ ഔദ്യോഗിക നാമമോ മുദ്രയോ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന നിലനിൽക്കെയാണ് ലെറ്റർഹെഡ് ഉൾപ്പെടെ അടിച്ച് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പരാതിയിലുണ്ട്. ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ചെറുവത്തൂരിലെ കെ. വീരമണി ഇത് സംബന്ധിച്ച് ചന്തേര പൊലീസിൽ പരാതി നൽകി. ഫിഫയുടെയും എ.എഫ്.സിയുടെയും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയും അംഗീകാരമുള്ള സംസ്ഥാനത്തെ ഫുട്ബാൾ രംഗത്തെ ഔദ്യോഗിക സംഘടനയാണ് കേരള ഫുട്ബാൾ അസോസിയേഷനും ജില്ല ഫുട്ബാൾ അസോസിയേഷനുമെന്നും ഇത്തരമൊരു ഫുട്ബാൾ സംഘടനക്ക് അംഗീകാരമില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
കെ.എഫ്.എയിൽ അഫിലിയേറ്റ് ചെയ്ത അംഗീകൃത ക്ലബ് ആണെന്ന് പ്രചാരണം നടത്തി സാമ്പത്തികനേട്ടം കൈവരിച്ചതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഗുരുതരമായ കുറ്റമായതിനാൽ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

