ഞങ്ങളുടേത് ഇരട്ട വോട്ടല്ല; ഞങ്ങൾ ഇരട്ടകളാണേ....
text_fieldsചെറുവത്തൂർ: പ്രതിപക്ഷ നേതാവേ അപമാനിക്കല്ലേ, ഞങ്ങളുടേത് ഇരട്ട വോട്ടല്ല; ഞങ്ങൾ ഇരട്ടകളാണേ... ഇങ്ങനെ വിളിച്ചുപറയുന്നത് പിലിക്കോട് വറക്കോട്ട് വയലിലെ എം.വി. ജനാർദനെൻറ ഇരട്ട മക്കളായ ജിതിനും ജിജിനുമാണ്.
രമേശ് ചെന്നിത്തല കണ്ടെത്തിയ ഓപറേഷൻ ട്വിൻസിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇരട്ട വോട്ടുകളാണെന്ന് കണ്ടെത്തിയവരാണിവർ. ഇവർ ഒരാളാണെന്നും ഇവർക്ക് ഇരട്ട വോട്ടാണെന്നുമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്.
എന്നാൽ, പിലിക്കോട് ഗവ. ഹയർ സെക്കൻഡറിയിലെ 113 ബൂത്തിൽ ക്രമനമ്പർ 13 ജിജിനും ക്രമനമ്പർ 27 ജിതിെൻറ വോട്ടുമാണ്. സ്വന്തം വോട്ടിനെ കള്ളവോട്ടെന്ന് പറഞ്ഞ് അപമാനിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണിവർ.
കോവിഡ് കാലത്ത് ക്വാറൻറീനിൽ കഴിഞ്ഞവർക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുത്തും ജില്ല വയോക്ഷേമ കാൾ സെൻററിൽ കോവിഡ് കാലത്ത് പ്രതിഫലം പറ്റാതെ സേവനം ചെയ്തും ശ്രദ്ധേയരായ സഹോദരങ്ങളാണിവർ.

