കുഞ്ഞമ്മ പാടി; കൈയടിച്ച് നാട്ടുകാർ
text_fieldsനീലേശ്വരം ആയുഷ് മെഡിക്കൽ ഓഫിസർ ഡോ. ജി.കെ. സീമ കുഞ്ഞമ്മയെ പൊന്നാടയണിയിക്കുന്നു
ചെറുവത്തൂർ: ‘‘കാനന ചോലയിൽ ആടുമേക്കാൻ... ഞാനും വരട്ടെയോ നിന്റെ കൂടെ’’... തുടങ്ങി അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി, സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ അങ്ങനെ മലയാളികൾ നെഞ്ചേറ്റിയ പാട്ടുകളെല്ലാം കുഞ്ഞമ്മ ആവേശത്തോടെ പാടിയപ്പോൾ കൂടെയുള്ളവരെല്ലാം താളംപിടിച്ചു. ഇത് നവതിയുടെ നിറവിലും പാട്ടുകളെ നെഞ്ചേറ്റുന്ന കുഞ്ഞമ്മക്ക് ആവേശംപകർന്നു. പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി പെൺകൂട്ടായ്മ സംഘടിപ്പിച്ച സംഗീതദിനാചരണത്തിലായിരുന്നു ഈ അപൂർവമായ കലാപ്രകടനം അരങ്ങേറിയത്.
ലോക സംഗീതദിനത്തോടനുബന്ധിച്ച് കുഞ്ഞമ്മ എന്ന പാട്ടുകാരിയെ പിഫാസൊ മാതൃകത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കരിവെള്ളൂരിലെ പാലക്കുന്നിൽ താമസിക്കുന്ന കുഞ്ഞമ്മയെ നീലേശ്വരം ആയുഷ് മെഡിക്കൽ ഓഫിസർ ഡോ. ജി.കെ. സീമ പൊന്നാടയണിയിച്ച് സ്നേഹോപഹാരം നൽകി. യശോദ രവി അധ്യക്ഷത വഹിച്ചു. വിനോദ് എരവിൽ, രാധികരാജൻ, അനിത പത്മനാഭൻ എന്നിവർ സംസാരിച്ചു.

