വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് കയറി; പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
text_fieldsകണ്ണൂർ: വഞ്ചന കേസിൽ യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. വ്യാജ എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് സ്ഥാപനത്തെ വഞ്ചിച്ച കുറ്റത്തിന് ആലപ്പുഴ സ്വദേശി കെ.ടി. സമീറിനെയാണ് (35) ടൗൺ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. സർവകലാശാലയുടെ വ്യാജ ബി.ടെക് ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് സ്ഥാപനത്തിൽ ജോലിക്കു കയറിയശേഷം സ്ഥാപന മേധാവി നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ ഇയാൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെതുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാട്ടിലേക്ക് തിരിച്ച ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

