രാമരാജ്യത്തേക്ക് സ്വാഗതം; ആരുടെയും രാജ്യമല്ലെന്ന് ഡി.വൈ.എഫ്.ഐ
text_fieldsതലശ്ശേരി ക്ഷേത്രാങ്കണത്തിൽ സ്ഥാപിച്ച ബോർഡുകൾ
കണ്ണൂർ: രാമരാജ്യത്തേക്ക് സ്വാഗതമരുളി നഗരമധ്യത്തിൽ കൂറ്റൻ കമാനം. ബി.ജെ.പി ശക്തികേന്ദ്രമായ തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വാർഡിലാണ് രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന ആർച്ച് സ്ഥാപിച്ചത്. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോത്സവത്തിന്റെ ഭാഗമായാണ് കമാനം സ്ഥാപിച്ചത്. ശ്രീ നാരായണ ഗുരു സേവാട്രസ്റ്റിന്റെ പേരിൽ കീഴന്തിമുക്ക് കവലയിലാണ് വിവാദ ബോർഡ്.
എന്നാൽ, ഇതിനു മറുപടിയായി ഇതാരുടെയും രാജ്യമല്ലെന്ന് മറുപടിയുമായി ഡി.വൈ.എഫ്.ഐയും കമാനം സ്ഥാപിച്ചു. തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതമെന്നും ഡി.വൈ.എഫ്.ഐ ബോർഡിൽ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള മറ്റൊരു വഴിയായ മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐ കമാനം സ്ഥാപിച്ചത്.
മലബാർദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രമാണെങ്കിലും ബി.ജെ.പി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി കൗൺസിലറാണ് വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. മത്സ്യബന്ധന തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതി ബി.ജെ.പിയിലെ കെ. ലിജേഷ് പ്രതിനിധാനം ചെയ്യുന്ന മഞ്ഞോടി വാർഡിലാണ് ക്ഷേത്രം.
കേസിൽ പ്രതിയായി ജയിലിൽ കഴിയവേ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ലിജേഷിന്റെ നഗരസഭാംഗത്വം നഷ്ടമായിരുന്നു. ക്ഷേത്ര ഉത്സവത്തിന് ഇത്തരമൊരു ബോർഡ് ആദ്യമായാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.

