അപ്പർഡെക്ക് ബോട്ട് ഇന്ന് അഴീക്കലിലെത്തും
text_fieldsഅഴീക്കലിലേക്ക് പുറപ്പെട്ട അപ്പർെഡക്ക് ബോട്ട്
അഴീക്കോട്: നിർത്തലാക്കിയ പറശിനിക്കടവ് -മാട്ടൂൽ ബോട്ട് സർവിസ് പുനരാരംഭിക്കുന്നതിനായി പുതിയ അപ്പർഡെക്ക് ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. സർവിസ് തുടങ്ങുന്നതിനായി കഴിഞ്ഞദിവസം ആലപ്പുഴയിൽനിന്നും വെള്ളിയാഴ്ച കടൽമാർഗം കണ്ണൂരിലേക്ക് പുറപ്പെട്ട ബോട്ട് ശനിയാഴ്ച കോഴിക്കോട് എത്തിയെങ്കിലും കടലിൽ ഓളങ്ങൾ കൂടിയതിനാൽ ബേപ്പൂർ ഹാർബറിൽ നങ്കൂരമിട്ടു. ഞായറാഴ്ച പുലർച്ച നാലിന് കണ്ണൂരിലേക്ക് പുറപ്പെട്ട് ഉച്ചയോടെ അഴീക്കലിലെത്തും. മുകളിൽ 20 പേർക്കും താഴെ 42 പേർക്കും ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടാണ് അപ്പർഡെക്ക് ബോട്ട്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ടിന് ദീർഘനാളത്തെ അറ്റകുറ്റപ്പണി ആവശ്യമായ സാഹചര്യത്തിലാണ് പുതിയ ബോട്ടെത്തുന്നത്. സ്റ്റേഷൻ മാസ്റ്റർ എൻ.കെ സരീഷ്, എഞ്ചിൻ ഡ്രൈവർ പി. ദിലീപ് കുമാർ, ലാസ്ക്കറായ എം. സന്ദീപ്, പി. സജീവൻ എന്നിവർ ബോട്ടിൽ അനുഗമിക്കുന്നുണ്ട്.

