നാട്ടിലേക്ക് തിരിച്ചെത്തുന്ന കാരായിമാർക്ക് തലശ്ശേരിയിൽ നാളെ സ്വീകരണം
text_fieldsതലശ്ശേരി: ജാമ്യവ്യവസ്ഥയിലെ ഇളവിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വെള്ളിയാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് സി.പി.എം ഏരിയ കമ്മിറ്റി നൽകുന്ന സ്വീകരണം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന - ജില്ല നേതാക്കൾ പങ്കെടുക്കും. തലശ്ശേരിയിൽനിന്ന് ജന്മദേശങ്ങളായ കതിരൂർ സി.എച്ച് നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.
ഫസൽ കേസിൽ ഗുഢാലോചന കുറ്റം ചുമത്തപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും 2012 ജൂൺ 22നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഒന്നരവർഷം ജയിലിലും ജാമ്യവ്യവസ്ഥ പ്രകാരം എട്ട് വർഷത്തോളം എറണാകുളം ഇരുമ്പനത്തുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ജാമ്യവ്യസ്ഥയിൽ ഹൈകോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം.

