കരാറുകാരന് തുക നൽകിയില്ല; എങ്ങുമെത്താതെ മലബാർ കുടിയേറ്റ മ്യൂസിയം
text_fieldsകുടിയേറ്റ മ്യൂസിയത്തിനായി നിർമിച്ച പ്രധാന കെട്ടിടം
ശ്രീകണ്ഠപുരം: വർഷം ഒമ്പതു കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാവാതെ കുടിയേറ്റ മ്യൂസിയം. ശ്രീകണ്ഠപുരം ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പള്ളി കുടിയേറ്റ മ്യൂസിയമാണ് വർഷങ്ങൾ പിന്നിടുമ്പോഴും പുർത്തിയാവാതെ കിടക്കുന്നത്. രണ്ട് കെട്ടിടങ്ങൾ ഒരുക്കി എന്നല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. അതിൽ തന്നെ വലിയ ക്രമക്കേട് നടന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ തുക സർക്കാറിൽ നിന്ന് കരാറുകാരന് ലഭിക്കാത്തതിനാൽ നിർമാണ പ്രവൃത്തി ഏറെനാളായി നിലച്ച സ്ഥിതിയാണുള്ളത്.
മലബാർ കുടിയേറ്റ ചരിത്രം രേഖപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് 2015ൽ ചെമ്പന്തൊട്ടിയിൽ കുടിയേറ്റ മ്യൂസിയം നിർമാണം തുടങ്ങിയത്. കുടിയേറ്റ ജനതയുടെ സ്വപ്നങ്ങൾക്കെപ്പം നടന്ന ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ പേരും മ്യൂസിയത്തിന് നൽകി. തലശ്ശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്താണ് മ്യൂസിയം നിർമിക്കുന്നത്. 1.25 കോടി രൂപ കൊണ്ട് ആദ്യഘട്ട നിർമാണം നടത്തി. സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിൽ കിറ്റ്കോക്കായിരുന്നു ആദ്യം നിർമാണച്ചുമതല. രണ്ടാംഘട്ട നിർമാണമെന്ന നിലയിൽ പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനായുള്ള കെട്ടിടംകൂടി നിർമിച്ചു. 1.65 കോടി രൂപ വകുപ്പ് ഫണ്ടും കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് ആകെ 2.15 കോടി രൂപക്കുള്ള രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. എന്നാൽ, ഈ തുക ലഭിക്കാത്തതിനാലാണ് നിർമാണം മുടങ്ങിയത്.
പിണറായി ഇൻഡസ്ട്രിയൽ കോഓപ്. സൊസൈറ്റിയാണ് നിലവിൽ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മ്യൂസിയം നിർമാണം പാതിവഴിയിൽ കിടക്കുമ്പോൾ നേരത്തെ പൂർത്തിയാക്കിയവ കാടുകയറുന്ന കാഴ്ചയാണുള്ളത്. ഒപ്പം ഇവിടം സാമൂഹികവിരുദ്ധ കേന്ദ്രമായും മാറിയിട്ടുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വകുപ്പ് മന്ത്രിയടക്കം സന്ദർശിച്ച് പലതവണ പ്രഖ്യാപനമിറക്കിയിട്ടും നിർമാണ പുരോഗതിയുണ്ടായിട്ടില്ലെന്നത് ജനങ്ങളിൽ നിരാശയുളവാക്കിയിട്ടുണ്ട്.

