ചികിത്സ വേണം; ചുഴലി തട്ടേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്
text_fieldsചുഴലി തട്ടേരി പി.എച്ച്.സി കെട്ടിടം
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ചുഴലി തട്ടേരി പി.എച്ച്.സി ‘ചികിത്സ തേടുന്നു’. മലയോര മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന തട്ടേരിയിലെ ചുഴലി പി.എച്ച്.സിയിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
ജീർണാവസ്ഥയിലുള്ള ആശുപത്രി കെട്ടിടത്തിൽ അത്യാവശ്യത്തിനുള്ള സ്ഥലസൗകര്യങ്ങൾ പോലുമില്ല. ഗ്രാമീണമേഖലയിൽ പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ കാലത്തിനൊത്ത് മാറുമ്പോൾ ചുഴലി പ്രാഥമികാരോഗ്യ കേന്ദ്രം മാത്രം പഴയത് പോലെ തുടരുകയാണ്.
പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും റൂറൽ ഡിസ്പൻസറിയുടെ സൗകര്യങ്ങൾ പോലും ഇവിടെ ലഭ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഒരു ഡോക്ടർ, ഒരു ഫാർമസിസ്റ്റ്, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മൂന്ന് പബ്ലിക് ഹെൽത്ത് നഴ്സ്, ഒരു നഴ്സിങ് അസിസ്റ്റന്റ്, ഒരു അറ്റൻഡർ, ഒരു പാർട് ടൈം സ്വീപ്പർ എന്നിവർ മാത്രമാണ് ഇവിടെയുള്ളത്. സ്റ്റാഫ് നഴ്സ് തസ്തികയും പ്യൂൺ തസ്തികയും അനുവദിച്ചിട്ടില്ല.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കേണ്ട സ്റ്റാഫ് പാറ്റേൺ പ്രകാരം ഡോക്ടർമാരുടെയും മറ്റു പാരാ മെഡിക്കൽ സ്റ്റാഫിന്റെയും തസ്തികകൾ പുതുതായി അനുവദിക്കേണ്ടതുണ്ട്. ഇതും ഇവിടെ അനുവദിച്ചിട്ടില്ല. ഒരു ഡോകറുടെ സേവനം മാത്രമൂള്ളൂവെന്നതിനാൽ ജനങ്ങൾ പ്രയാസപ്പെടുകയാണ്.
കുടുംബാരോഗ്യ കേന്ദ്രമാക്കി പദവി ഉയർത്തുന്ന ആശുപത്രികളുടെ പട്ടികയിൽ ഈ പി.എച്ച്.സി ഉണ്ടെങ്കിലും തുടർ നടപടികളൊന്നും ആയിട്ടില്ല. പുതുതായി കെട്ടിടം പണിയുന്നതിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുഖേന പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും ലഭ്യമായിട്ടില്ല.
മലയോര മേഖലയിലെ രോഗികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ചുഴലി പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ഇരിക്കൂർ നിയോജക മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറിയും ചെങ്ങളായി പഞ്ചായത്തംഗവുമായ മൂസാൻകുട്ടി തേർളായി ആവശ്യപ്പെട്ടു.

